എറണാകുളം : അങ്കമാലി അതിരൂപതയിലെ സഭ തർക്കവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ടിങ്ങിനിടെ ന്യൂസ് മലയാളം റിപ്പോർട്ടർ അനിൽ ജോർജിനെയും കാമറാമാൻ ശ്രേയസിനേയും ജീവനക്കാരൻ നസീറിനെയും മർദ്ദിക്കുകയും തൊഴിൽ തടസ്സപ്പെടുത്തുകയും ചെയ്തതിൽ കേരള പത്രപ്രവർത്തന യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
സഭ ആസ്ഥാനമായ എറണാകുളം സെൻ്റ് മേരിസ് ബസിലിക്കയിൽ വച്ചാണ് സംഭവം. സംഘടിതമായി ചേർന്ന് മാധ്യമപ്രവർത്തകരുടെ തൊഴിൽ ഉപകരണമായ ക്യാമറ പിടിച്ച് വാങ്ങി നശിപ്പിക്കുകയും ചെയ്തു. ഏതൊരു തൊഴിൽ മേഖലയും പോലെ അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജോലി ചെയ്യാനുള്ള അവകാശം മാധ്യമപ്രവർത്തകർക്കുണ്ട് . വാർത്താ റിപ്പോർട്ടിംഗിന്റെ പേരിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം നടത്തുന്നത്' അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും തടസം നിൽക്കലാണ്. മാധ്യമപ്രവർത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും തൊഴിൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കേണ്ടതാണന്ന് എറണാകുളം ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ പ്രസിഡൻറ് ആർ.
ഗോപകുമാർ, സെക്രട്ടറി എം ഷജിൽ കുമാർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു










